Kerala
മലപ്പുറം: മങ്കടയിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി.
നേരത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റുമായ എം.പി. അലവി പത്രിക പിൻവലിച്ചു.
കഴിഞ്ഞദിവസം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഇടതുമുന്നണി പിന്തുണയ്ക്കുന്ന മങ്കടയിലെ സ്ഥാനാർഥിയായി കുന്നത്ത് മുഹമ്മദിനെ പ്രഖ്യാപിച്ചിരുന്നു.
സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ മുസ്ലിം ലീഗുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി കുന്നത്ത് മുഹമ്മദ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എം.പി. അലവിയും പത്രിക നൽകിയിരുന്നു. അലവിയെ പിൻവലിച്ചാണ് കുന്നത്ത് മുഹമ്മദ് ഇപ്പോൾ സ്ഥാനാർഥിയായത്.
Kerala
തൃശൂർ: കോണ്ഗ്രസിനെതിരേ തൃശൂർ മണ്ഡലത്തിൽ വിമതനായി മത്സരിക്കാനൊരുങ്ങിയ ജയപ്രകാശ് പൂവത്തിങ്കൽ പത്രിക പിൻവലിച്ചു.
15 വർഷം കൗണ്സിലറും രണ്ടുതവണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്ന ജയപ്രകാശ് ഒരുവിഭാഗത്തെമാത്രം പാർട്ടി പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് കോണ്ഗ്രസ് വിമതനായി നാമനിർദേശപത്രിക സമർപ്പിച്ചത്.
വിഷയത്തിൽ കെപിസിസി നേതൃത്വം ഇടപെട്ടു പ്രശ്നപരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പിലാണ് പത്രിക പിൻവലിച്ചത്.
Kerala
ആലപ്പുഴ: കുട്ടനാട് മണ്ഡലത്തില് യുഡിഎഫിന് പ്രതിസന്ധി സൃഷ്ടിച്ച വിമത സ്ഥാനാർഥി സജി ജോസഫ് പത്രിക പിന്വലിച്ചു. കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല് സജി ജോസഫവുമായി നടത്തിയ ചര്ച്ചയെ തുടര്ന്നാണ് ഈ നടപടി.
പാര്ട്ടിക്കും മുന്നണിക്കും ദോഷകരമായി മാറുന്ന ഒരു പ്രവൃത്തിയിലേക്കും പോകരുതെന്നും യുഡിഎഫിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്ത്തിക്കണമെന്നും സജി ജോസഫിനോട് കെ.സി ആവശ്യപ്പെട്ടിരുന്നു.
കുട്ടനാട് സീറ്റ് കേരള കോണ്ഗ്രസിൽ നിന്ന് ഏറ്റെടുക്കാത്തതില് പ്രതിഷേധിച്ചായിരുന്നു സജി ജോസഫ് വിമതനായി മത്സരിക്കാന് തീരുമാനിച്ചത്. തുടര്ന്ന് അദ്ദേഹം പാര്ട്ടിയില് നിന്ന് രാജിവച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് സജി ജോസഫ് പറഞ്ഞു.
കുട്ടനാട്ടില് കേരള കോണ്ഗ്രസിലെ റെജി ചെറിയാനാണ് യുഡിഎഫ് സ്ഥാനാര്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില് ചെറിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് കുട്ടനാട് സീറ്റ് നഷ്ടമായത്.
Kerala
ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. വിശദമായ ഹിയറിംഗിന് ശേഷമാണ് റിട്ടേണിംഗ് ഓഫീസർ പത്രിക സ്വീകരിക്കാൻ തീരുമാനിച്ചത്. അതേസമയം, വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് സിപിഎം അറിയിച്ചു.
മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയിൽ പിന്തുണച്ചവരുടെ പേര് വിവരങ്ങൾ ഇല്ലാത്തതിനാൽ തള്ളി. തൊട്ടുപിന്നാലെ മറ്റ് രണ്ട് പത്രികകളിൽ എൽഡിഎഫ് പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
രാമൻചിറ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലെ കേസിന്റെ വിശദാംശങ്ങൾ മാത്രമാണ് ഈ പത്രികകളിൽ രേഖപ്പെടുത്തിയത്. ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
Kerala
കൊല്ലം: കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ നാമനിർദ്ദേശ പത്രിക വിശദപരിശോധനയ്ക്കായി മാറ്റി. കുഞ്ഞുമോൻ സ്വതന്ത്ര സ്ഥാനാർഥിയായും ആർഎസ്പി ലെനിനിസ്റ്റ് സ്ഥാനാർഥിയായും പത്രിക നൽകി.
ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. രണ്ട് പത്രിക നൽകുന്നത് ഭരണഘടനാ ലംഘനമാണെന്നും രണ്ട് പത്രികയും തള്ളണമെന്നുമാണ് പരാതിയിലെ ആവശ്യം. എംഎൽഎ കൂടിയായ വ്യക്തി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫ് സ്ഥാനാർഥിയുടെ നിർദേശകനായ ആർഎസ്പി നേതാവ് വിജയദേവൻ പിള്ള, അഡ്വ. എസ്. ബലദേവ് എന്നിവരാണ് റിട്ടേണിംഗ് ഓഫീസർക്ക് പരാതികൾ നൽകിയത്. കോവൂർ കുഞ്ഞുമോന്റെ പത്രിക വിശദമായ പരിശോധനയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.
പരാജയ ഭീതിയെ തുടർന്നാണ് യുഡിഎഫ് അനാവശ്യ ആരോപണം ഉന്നയിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. പത്രിക സ്വീകരിച്ചാൽ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കി.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിര്ദേശ പത്രികയ്ക്കെതിരെ പരാതി. യഥാര്ഥ വരുമാനം കാണിച്ചില്ലെന്ന് ആരോപിച്ച് എല്ഡിഎഫും എന്ഡിഎയുമാണ് പരാതി നല്കിയിരിക്കുന്നത്. നാമനിര്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പാണ് പറവൂരിലെ എല്ഡിഎഫ് സ്ഥാനാര്ഥിയായ ടൈസണ് മാസ്റ്ററും എന്ഡിഎയും പരാതി നല്കിയത്.
അഭിഭാഷകനായ വി.ഡി. സതീശന്റെ വരുമാനത്തിന്റെ യഥാര്ഥ സ്രോതസ് കാണിച്ചില്ല, ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ പിഴ അടച്ചതിന്റെ കുടിശികയുടെയും വിവരങ്ങള് കാണിച്ചില്ല, കൈവശമുള്ള സ്വര്ണത്തിന്റെ മൂല്യം പത്രികയില് കാണിച്ചില്ല എന്നീ കാര്യങ്ങള് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പരാതി.
പരാതിയില് പെട്ടെന്നുതന്നെ വിശദീകരണം നല്കുമെന്നാണ് സതീശന്റെ അഭിഭാഷകര് ഉള്പ്പെടെ പറയുന്നത്. വിശദീകരണം കേട്ട ശേഷമാണ് ഇനി സതീശന്റെ പത്രികയുടെ സൂക്ഷ്മപരിശോധന നടക്കുക. വൈകുന്നേരം മൂന്നു മണിയോടെയാകും സൂക്ഷ്മപരിശോധന നടക്കുക.
District News
പാറശാല: യുഡിഎഫ് പാറശാല നിയോജകമണ്ഡലം സ്ഥാനാര്ഥി നെയ്യാറ്റിന്കര സനല് ഇന്നലെ നാമനിര്ദേശ പത്രിക സമര്പ്പിച്ചു.
ദളിത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി, കെപിസിസി ജനറല് സെക്രട്ടറിമാരായ അന് സജിത റസല്, ശശിധരന്, കെപിസിസി മെമ്പര് ആര്. വത്സലന്, ഡിസിസി ഭാരവാഹികളായ ആയിര സുരേന്ദ്രന്, സോമന്കുട്ടി നായര്, ബാബുക്കുട്ടന് നായര്, അഡ്വ. മഞ്ചവിളാകം ജയന്, കൊറ്റാമം വിനോദ്, പാറശാല സുധാകരന്, വില്ഫ്രഡ് രാജ്, വിജയചന്ദ്രന്, ഡി.ജി. രത്നകുമാര്, ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ ജോണ്, അഡ്വ. ഗിരീഷ് കുമാര്, യുഡിഎഫ് ചെയര്മാന് കെ. ദസ്തഗിര്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ കുമാരി, വൈസ് പ്രസിഡന്റ് അരുണ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പവതിയാന്വിള സുരേന്ദ്രന്, തോമസ് മംഗലശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര, ഡിസിസി മെമ്പര്മാര്, ബ്ലോക്ക് ഭാരവാഹികള്, മണ്ഡലം പ്രസിഡന്റുമാര് തുടങ്ങി നേതാക്കന്മാരും പാര്ട്ടി പ്രവര്ത്തകരും പങ്കെടുത്തു.
District News
പാറശാല: എൻഡിഎ പാറശാല നിയോജക മണ്ഡലം സ്ഥാനാര്ഥി അഡ്വ. ഗിരീഷ് നെയ്യാര് നാമ നിര്ദേശ പത്രിക സമര്പ്പിച്ചു. പ്രവര്ത്തകരോടൊപ്പം പ്രകടനമായി കിഴക്കേക്കോട്ട ട്രാന്സ്പോര്ട്ട് ഭവനില് പ്രവര്ത്തിക്കുന്ന ജില്ലാ രജിസ്ട്രാര് ജനറല് ഓഫീസിലെത്തി വരണാധികാരിയായ കെ. പ്രസാദിനാണ് പത്രിക സമര്പ്പിച്ചത്.
സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്, ജനറല് സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സൗത്ത് ജില്ലാ ജനറല് സെക്രട്ടറി ബിജു ബി. നായര്, ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് എന്.പി. ഹരി, കേരള കാമരാജ് കോണ്ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്, ബിജെപി പാറശാല മണ്ഡലം പ്രസിഡന്റ് മണവാരി രതീഷ്, വെള്ളറട മണ്ഡലം പ്രസിഡന്റ് ആര്.എസ്. അഖില്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ശ്രീദേവ് എന്നിവരും പങ്കെടുത്തു.
District News
വിഴിഞ്ഞം: കോവളത്തിലെ എൽഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പണത്തിന്റെ തിരക്കിലായപ്പോൾ കോൺഗ്രസ് സ്ഥാനാർഥി അഡ്വ എം. വിൻസന്റ് കടലിന്റെ മക്കളോട് വോട്ട് ചോദിക്കുന്ന തിരക്കിലായിരുന്നു.
ഇന്നലെ രാവിലെ മുതൽ അടിമലത്തുറ, പുല്ലുവിള, കരിംകുളം, പൂവാർ ഉൾപ്പെടെയുള്ള കടലോര മേഖലയിലെ മത്സ്യമാർക്കറ്റുകളിലും, ചന്തകളിലും, ജംഗഷനുകളും നടന്ന വോട്ടു പിടിത്തത്തിനു ശേഷം വീടുകൾ കയറി വോട്ടർമാരെ കാണാനും വിൻസന്റ് സമയം ചിലവഴിച്ചു. നൂറു കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള ബാലരാമപുരം, കാഞ്ഞിരംകുളം മണ്ഡലം കൺവൻഷനും നടത്തി. നിരവധി നേതാക്കളുടെ അകമ്പടിയിൽ എത്തിയ ഇടതുപക്ഷത്തിന്റെ ഭഗത് റൂഫസ് ജില്ലാ പ്ലാനിംഗ് ഓഫീസർക്ക് മുൻപാകെ നാമനിർദേശപത്രിക സമർപ്പിച്ചു.
പ്രമുഖ നേതാക്കളെക്കണ്ട് അനുഗ്രഹം വാങ്ങിയശേഷം അയ്യൻകാളി സ്മൃതിമണ്ഡപം, ഗുരുമന്ദിരം, എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനം, കുഞ്ഞുകൃഷ്ണൻ നാടാർ സ്മൃതി എന്നിവിടങ്ങൾ സന്ദർശിച്ചശേഷമാണ് ബിജെപി സ്ഥാനാർഥി ടി.എൻ സുരേഷിന്റെ നാമനിർദ്ദേശപത്രിക സമർപ്പണം. വൈകുന്നേരം പ്രധാന ജംഗ്ഷനുകളിൽ എത്തി വോട്ടഭ്യർഥനയും നടത്തി.
District News
വൈക്കം: യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോൻ റിട്ടേണിംഗ് ഓഫീസർ വൈക്കം തഹസിൽദാർ അഭിലാഷ് മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു.
നിയോജകമണ്ഡലം ചെയർമാൻ പോൾസൺ ജോസഫ്, മോഹൻ ഡി. ബാബു, വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പി.ഡി. ഉണ്ണി, എം.കെ. ഷിബു, കൺവീനർ ബി. അനിൽകുമാർ, കെ. മോഹനൻ, സുബൈർ പുളിന്തുരുത്തിൽ, സിറിൾ ജോസഫ്, അഖിൽ കുര്യൻ, കെ. ഗിരീശൻ, എം. അബു, നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, പി.എൻ. ബാബു, പി.വി. പ്രസാദ്, ജയ് ജോൺ, എ. സനീഷ് കുമാർ, വിജയമ്മ ബാബു, ഷീനു ശശിധരൻ, ഷീജ ഹരിദാസ്, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവരോടൊപ്പം കോൺഗ്രസ് ഭവനിൽനിന്നു നൂറുകണക്കിനു പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രകടനമായെത്തിയാണ് നാമനിർദേശപത്രിക സമർപ്പിച്ചത്.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നാമനിര്ദേശ പത്രിക സമര്പ്പിച്ചു. നേതാക്കള്ക്കും പ്രവര്ത്തകര്ക്കുമൊപ്പം കാല്നടയായി എത്തിയാണ് പറവൂര് അഡീഷണല് തഹസില്ദാര്ക്ക് മുന്നില് വി.ഡി സതീശന് പത്രിക സമര്പ്പിച്ചത്. പ്ലാച്ചിമട സമരസമിതിയാണ് സതീശന് കെട്ടിവയ്ക്കാനുള്ള പണം നല്കിയത്.
പറവൂരിലെ കോടതിക്ക് മുന്നില് വച്ചാണ് പ്ലാച്ചിമട സമരസമിതിയിലെ നേതാക്കള് വി.ഡി സതീശന് കെട്ടിവയ്ക്കാനുള്ള തുക നല്കിയത്. യുഡിഎഫ് അധികാരത്തില് എത്തുമ്പോള് പ്ലാച്ചിമട പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി.ഡി സതീശന് മാധ്യമങ്ങളോട് വ്യക്തമാക്കി.
"നീതിക്ക് വേണ്ടി അവര് നടത്തുന്ന പോരാട്ടത്തില് ഞാനും പങ്കാളിയാണ്. ഞാന് നിരവധി തവണ അവരെ സന്ദര്ശിച്ച് പിന്തുണ കൊടുത്തിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലേക്ക് തിരിട്ടു വരുമ്പോള് പ്ലാച്ചിമട പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉറപ്പായും ഉണ്ടാക്കും.
പ്ലാച്ചിമടയിലെ പാവപ്പെട്ട ആളുകളാണ് കെട്ടിവയ്ക്കാനുള്ള പണം തന്നത്. ഞാനിത് വലിയൊരു തുകയായി, അവരുടെ മുഴുവന് സ്നേഹവും പിന്തുണയും ഹൃദയത്തില് ഏറ്റുവാങ്ങി കൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുകയും സമരസമിതിക്ക് പ്രത്യേകമായി നന്ദി പ്രകടിപ്പിക്കുന്നു'- വി.ഡി സതീശന് പറഞ്ഞു.
തന്റെ ഏഴാമത്തെ തെരഞ്ഞെടുപ്പിനാണ് വി.ഡി. സതീശന് ഒരുങ്ങുന്നത്. 25 വര്ഷമായി പറവൂരിലെ എംഎല്എയാണ് വി.ഡി സതീശന്. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു പറവൂരില് ആദ്യമായി വി.ഡി. സതീശന് പറവൂരില് മത്സരിക്കാനെത്തിയത്. ആദ്യ തെരഞ്ഞെടുപ്പില് സിപിഐയിലെ പി. രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ 2001ല് പി. രാജുവിനെ തോല്പിച്ച് എംഎല്എയായി.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കോൺഗ്രസിന് വിമതഭീഷണി. മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലനെതിരെ മത്സരിക്കാൻ നോമിനേഷൻ നൽകി.
മൂന്നു തവണ കോർപ്പറേഷൻ കൗൺസിലർ ആയിരുന്ന ജയപ്രകാശ് പൂവത്തിങ്കൽ. സ്ഥാനമാനങ്ങൾ ഒരു വിഭാഗത്തിനു മാത്രം നൽകുന്നതിൽ പ്രതിഷേധിച്ച് ആണ് മത്സരിക്കുന്നതെന്ന് ജയപ്രകാശ് പറഞ്ഞു.
മേയറും ഡിസിസി അധ്യക്ഷനും കെപിസിയി ഭാരവാഹികളും തൃശൂരിലെ സ്ഥാനാർഥിയും ഒരു വിഭാഗത്തിൽ നിന്നു മാത്രമാണെന്നും മറ്റുള്ളവരെ അവഗണിക്കുന്നു എന്നുമാണ് പരാതി. ഇക്കാര്യത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അധ്യക്ഷനെ കാണാൻ ചെന്നു. രണ്ടര മണിക്കൂർ കാത്തിരുത്തിയതല്ലാതെ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്നും ജയപ്രകാശ് പറഞ്ഞു.
മത്സരിക്കുന്ന കാര്യം കെ സുധാകരനും അടൂർ പ്രകാശിനും അറിയാമെന്നും നോമിനേഷൻ കൊടുക്കൂ എന്ന് അവർ പറഞ്ഞെന്നും ജയപ്രകാശ് അവകാശപ്പെട്ടു. അവരുടെ പിന്തുണ തനിക്കുണ്ടെന്നും ജയപ്രകാശ് പറഞ്ഞു.
District News
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് പത്രികാ സമർപ്പണത്തിന് ഒരുദിവസം മാത്രം ബാക്കിയിരിക്കെ ഇന്നലെ ജില്ലയിൽ പന്ത്രണ്ട് മണ്ഡലങ്ങളിലും പത്രികാസമർപ്പണത്തിന് മുന്നണി സ്ഥാനാർഥികൾ സജീവം. മിക്ക മണ്ഡലങ്ങളിലും എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.
എൽഡിഎഫ് സ്ഥാനാർഥികൾ എല്ലാ മണ്ഡലങ്ങളിലും പത്രിക സമർപ്പിച്ചപ്പോൾ യുഡി എഫ്, എൻഡിഎ സ്ഥാനാർഥികൾ പല മണ്ഡലങ്ങളിലും പത്രിക സമർപ്പിക്കാനുണ്ട്. ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി ടി.എം. ശശി പത്രിക സമർപ്പിച്ചു. ചിറ്റൂരിൽ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതനും എൽഡിഎഫ് സ്ഥാനാർഥിയായി വി. മുരുകദാസും സ്വതന്ത്ര സ്ഥാനാർഥിയായി എൻ.എസ്.കെ. പുരം ശശികുമാറും പത്രിക സമർപ്പിച്ചു.
കോങ്ങാട് യുഡിഎഫ് സ്ഥാനാർഥിയായി കെ.എ. തുളസിയും എൽഡിഎഫ് സ്ഥാനാർഥിയായി കെ. ശാന്തകുമാരിയും പത്രിക സമർപ്പിച്ചു. മലന്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായി എ. പ്രഭാകരനും സോഷ്യലിസ്റ്റ് കമ്മിറ്റി സെൻട്രൽ ഓഫ് പാർട്ടി സ്ഥാനാർഥി കെ. പ്രസാദും പത്രിക സമർപ്പിച്ചു. പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി രമേഷ് പിഷാരടിയും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി എൻ.എം.ആർ. റസാഖും എൻഡിഎ സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനും പത്രിക സമർപ്പിച്ചു.
ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥിയായി കെ. പ്രേംകുമാർ, യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയായി പി.കെ. ശശിയും മണ്ണാർക്കാട് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർഥിയായി മൻസിൽ അബൂബക്കറും യുഡിഎഫ് സ്ഥാനാർഥിയായി എൻ. ഷംസുദ്ദീനും പത്രിക സമർപ്പിച്ചു.
നെന്മാറയിൽ എൽഡിഎഫ് സ്ഥാനാർഥിയായി കെ. പ്രേമനും എൻഡിഎ സ്ഥാനാർഥിയായി എ.എൻ. അനുരാഗും സ്വതന്ത്ര സ്ഥാനാർഥിയായി ആർ. ശങ്കരനാരായണനും പത്രിക സമർപ്പിച്ചു. തരൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി പി.പി. സുമോദ്, യുഡിഎഫ് സ്ഥാനാർഥിയായി കെ.സി. സുബ്രഹ്മണ്യൻ, ഷൊർണൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി പി. മമ്മിക്കുട്ടി, തൃത്താലയിൽ എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷ്, യുഡിഎഫ് സ്ഥാനാർഥിയായി വി.ടി. ബൽറാം എന്നിവർ പത്രിക സമർപ്പിച്ചു.
ഇന്നലെ രാവിലെ 11.30 ഓടെ ഡിസിസി ഓഫീസ് പരിസരത്തു നിന്നും പ്രകടനമായി എത്തിയാണ് രമേഷ് പിഷാരടി പത്രിക സമർപ്പിച്ചത്. ഷാഫി പറന്പിൽ എംപിയാണ് രമേഷ് പിഷാരടിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത്. നാമനിർദേശക പത്രിക സമർപ്പണത്തിന് മുന്പായി നടൻ മമ്മൂട്ടി സ്ഥാനാർഥിക്ക് വീഡിയോ കോളിലൂടെ ആശംസകൾ നേർന്നു. വി.കെ. ശ്രീകണ്ഠൻ എംപി പങ്കെടുത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികാ സമർപ്പണം തിങ്കളാഴ്ച അവസാനിക്കും. പ്രമുഖ മുന്നണി സ്ഥാനാർഥികൾ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറു പ്രവർത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാനായി സ്ഥാനാർഥികൾക്ക് ലഭിച്ചത്.
ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. കൂടാതെ വോട്ടർപട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതിയും നാളെയാണ്.
അവധി ദിനമായ ഇന്ന് പരമാവധി സ്ഥലങ്ങളിൽ പ്രചാരണ പരിപാടികളുമായി സജീവമാകാനാണ് സ്ഥാനാര്ഥികള് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം സെന്ട്രൽ മണ്ഡലത്തിലും മലപ്പുറത്തുമടക്കം പലയിടത്തും ശനിയാഴ്ചയാണ് ഇടതുമുന്നണി സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചത്.
District News
നെടുങ്കണ്ടം: ഉടുമ്പന്ചോലയില് എല് ഡി എഫ് സ്ഥാനാര്ഥി കെ.കെ. ജയചന്ദ്രന് നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചു. ഇന്നലെ രാവിലെ 11.30ന് അസി. റിട്ടേണിംഗ് ഓഫീസറായ ഉടുമ്പന്ചോല തഹസില്ദാര് എസ്. സജീവൻ മുന്പാകെയാണ് പത്രിക നല്കിയത്. മൂന്ന് സെറ്റ് പത്രികകളാണ് സമര്പ്പിച്ചത്. എം.എം. മണി എം എല്എയും എല്ഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. സിപിഎം ഓഫീസില്നിന്നു പ്രകടനമായി എത്തിയാണ് പത്രിക നല്കിയത്.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടത്തുനിന്നും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11ന് തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ പത്രിക സമർപ്പിക്കും.
ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്. ബുധനാഴ്ച പത്തനാപുരം ഗാന്ധി ഭവൻ അന്ധേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയിരുന്നു. കണ്ണൂർ ജില്ലയിൽ ആദ്യം പത്രിക സമർപ്പിക്കുന്നത് പിണറായി വിജയനാണ്.
കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ധർമ്മടത്ത് നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ.
District News
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ കുറവിലങ്ങാട് ഡിവിഷനില്നിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്ഥി ജോസ്മോന് മുണ്ടയ്ക്കലിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു.
2017- 18 കാലത്ത് കൊഴുവനാല് പഞ്ചായത്തില് ജനപ്രതി നിധിയായിരുന്നപ്പോള് മീറ്റിങ്ങുകളില് പങ്കെടുക്കാതെ ഓണറേറിയം കൈപ്പറ്റിയെന്ന ആരോപണം സൂഷ്മപരിശോധന സമയത്ത് എതിര്വിഭാഗം ഉന്നയിച്ചതിനെത്തുടർന്നാണ് തീരുമാനത്തിനായി ഇന്നത്തേക്ക് മാറ്റിയത്. എന്നാല്, ജോസ്മോന് മുണ്ടയ്ക്കലിന് യാതൊരു തരത്തിലുള്ള കുടിശികയും ഇല്ലന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഡ്വ. സിബി ചേനപ്പാടി വരണാധികാരിയെ ബോധിപ്പിച്ചു.
ജോസ് മോനില്നിന്ന് ഈടാക്കിയതായി ആരോപിക്കപ്പെടുന്ന ഏതെങ്കിലും കുടിശിക സംബന്ധിച്ച് ഒരു അധികാരിയും ഇതുവരെ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലന്നും ഇതുസംബന്ധിച്ച് ഇതുവരെ അദ്ദേഹത്തിന് നോട്ടീസും നല്കിയിട്ടില്ലന്നും അഡ്വ. സിബി ചേനപ്പാടി ബോധിപ്പിച്ചതിനെത്തുടർന്നാണ് പത്രിക സ്വീകരിച്ചത്.
Kerala
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുമ്പോൾ ആലപ്പുഴ നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി. വാടയ്ക്കൽ വാർഡിലെ സ്ഥാനാർഥി കെ.കെ. പൊന്നപ്പന്റെ പത്രിക തള്ളി.
മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ കണക്കുകളും രേഖകളും ഹാജരാക്കാതിരുന്നതിനാലാണ് പത്രിക തള്ളിയത്. ഇവിടെ ബിജെപിക്ക് ഡമ്മി സ്ഥാനാർഥികളില്ല.
എറണാകുളത്തും കൽപ്പറ്റയിലും യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിലേയ്ക്ക് കടമക്കുടി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥിയാകേണ്ടിയിരുന്ന കെ. ജി. രിവീന്ദ്രന്റെ പത്രികയാണ് തള്ളിയത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുമ്പോൾ കൽപ്പറ്റ നഗരസഭയിലും യുഡിഎഫിന് തിരിച്ചടി. ചെയർമാൻ സ്ഥാനാർഥിയാകേണ്ടിയിരുന്ന കെ. ജി. രിവീന്ദ്രന്റെ പത്രിക തള്ളി.
23-ാം വാർഡിയെ സ്ഥാനാർഥിയായിരുന്നു രവീന്ദ്രൻ. പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയായ പ്രഭാകരന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
എറണാകുളത്തും യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയിരുന്നു. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജിന്റെ പത്രികയാണ് തള്ളിപ്പോയത്. ജില്ലാ പഞ്ചായത്ത്
കടമക്കുടി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു എൽസി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണം.
എൽസിയെ നിര്ദേശിച്ച് പത്രികയിൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര് നൽകിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്മാരാണ് നിര്ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാൻ കാരണം.
Kerala
തൃശൂർ: നാമനിര്ദേശ പത്രികയില് കള്ളയൊപ്പെന്ന ആരോപണത്തെ തുടർന്ന് സിപിഎം - ട്വന്റി20 പ്രവര്ത്തകര് ഏറ്റുമുട്ടി. മാള പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ട്വന്റി 20 സ്ഥാനാർഥിയുടെ നാമനിര്ദേശ പത്രികയിലാണ് കള്ളയൊപ്പെന്ന് ആരോപണം സിപിഎം ഉന്നയിച്ചത്.
ഒന്നാം വാര്ഡിലെ ട്വന്റി 20 സ്ഥാനാര്ഥി സന്തോഷ് പയ്യാക്കലിന്റെ നാമനിര്ദേശപത്രികയില് പിന്തുണച്ചതായി രേഖപ്പെടുത്തിയ മല്ലിക അതിലുള്ളത് തന്റെ ഒപ്പല്ലെന്ന് പറഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഇതോടെ സന്തോഷിന്റെ നാമനിര്ദേശ പത്രിക തള്ളണമെന്ന് സിപിഎം പ്രതിനിധി ആവശ്യപ്പെട്ടു.
എന്നാൽ മല്ലികയെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് ആരോപിച്ച് ട്വന്റി 20 പ്രവർത്തകർ രംഗത്തെത്തിയതോടെ സംഘർഷമായി. തുടർന്ന് പോലീസെത്തിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. വെള്ളിയാഴ്ച പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു.
സംസ്ഥാനത്താകെ 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചിരിക്കുന്നത്. 19, 959 പത്രികളാണ് മലപ്പുറത്ത് ലഭിച്ചത്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമത സ്ഥാനാര്ഥിയുടെ പത്രിക കോണ്ഗ്രസ് നേതാവ് തട്ടിയെടുത്തതായി പരാതി. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലാണ് നാടകീയ സംഭവങ്ങള് നടന്നത്. പ്രദേശത്തെ മുതിര്ന്ന നേതാവും ഐഎന്ടിയുസി പ്രവര്ത്തകനുമായ കൈതമന ജോസാണ് 13-ാം വാര്ഡില് വിമതനായി മത്സരത്തിനിറങ്ങിയത്.
പാര്ട്ടി പ്രവര്ത്തകന് പോലുമല്ലാത്ത ആളെ സ്ഥാനാര്ഥിയാക്കുന്നുവെന്നായിരുന്നു ജോസിന്റെ ആരോപണം. നാമനിര്ദേശ പത്രിക സമര്പ്പിക്കേണ്ട അവസാന തീയതിയായ ഇന്ന് പൂരിപ്പിച്ച പത്രികയുമായി കൈതമന ജോസ് എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.
ടോക്കണ് വാങ്ങി നിൽക്കുമ്പോഴാണ് ജോസിന്റെ കൈയിൽ നിന്ന് പത്രിക തട്ടിയെടുത്തുകൊണ്ട് പ്രാദേശിക കോണ്ഗ്രസ് നേതാവ് ഓടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ മത്സര രംഗത്തുള്ളത് 108580 സ്ഥാനാർഥികൾ. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് മലപ്പുറം ജില്ലയിലാണ്. 13595 പേരാണ് ഇവിടെ പത്രിക നൽകിയത്.
പാലക്കാട് ജില്ലയിൽ 10372, തൃശൂരിൽ 11079, എറണാകുളം ജില്ലയിൽ 10092 പേരും മത്സര രംഗത്തുണ്ട്. കാസർഗോഡ് 4374, കണ്ണൂർ 8238, വയനാട് 3180, കോഴിക്കോട് 9977, ഇടുക്കി 4257, കോട്ടയം 6276, ആലപ്പുഴ 7210, പത്തനംതിട്ട 4164, കൊല്ലം 7141, തിരുവനന്തപുരം 8625 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥാനാർഥികളുടെ എണ്ണം.
സംസ്ഥാനത്താകെ 164427 നാമനിർദേശ പത്രികകളാണ് ലഭിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.
ഇതിനുശേഷമെ അന്തിമ ചിത്രം തെളിയൂ. തുടർന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Kerala
തിരുവനന്തപുരം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചു. ഒന്നര ലക്ഷത്തോളം പേർ പത്രിക നൽകിയതായാണ് പ്രാഥമിക കണക്ക്. ശനിയാഴ്ച സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.
ഇതിനുശേഷമെ അന്തിമ ചിത്രം തെളിയൂ. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയിൽ സ്ഥാനാർഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശിക്കാം.
സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാർഥികളുടേയും നാമനിർദേശ പത്രികകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവർക്ക് ലഭിക്കും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും.
തുടർന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Kerala
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച നിലവിൽ വരും. നാമനിർദേശ പത്രികാ സമർപ്പണവും വെള്ളിയാഴ്ച ആരംഭിക്കും. നവംബർ 21 നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയാണ് പത്രിക സമർപ്പിക്കേണ്ടത്. നിശ്ചിത ഫോറത്തിലുള്ള (ഫോറം 2) പത്രികയോടൊപ്പം ഫോറം 2എ-ൽ സ്ഥാവര ജംഗമ സ്വത്തുക്കളുടെയും, ബാധ്യത/കുടിശികയുടെയും, ക്രിമിനൽ കേസുകളുടെയും ഉൾപ്പടെയുളള വിശദവിവരങ്ങൾ നൽകണം.
സ്ഥാനാർഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തിൽ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.
സ്ഥാനാർഥിക്ക് നോമിനേഷൻ നൽകുന്ന ദിവസം 21 വയസ് പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. വരണാധികാരിയുടെയോ കമ്മീഷൻ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഡപ്രതിജ്ഞയോ നടത്തി ഒപ്പിട്ടുനൽകുകയും വേണം.
നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്ന സ്ഥാനാർഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്രമേ 100 മീറ്റർ പരിധിക്കുള്ളിൽ അനുവദിക്കൂ. വരണാധികാരി/ ഉപവരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കുന്ന വേളയിൽ വരണാധികാരിയുടെ റൂമിലേക്ക് സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ. സ്ഥാനാർഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാർഗരേഖ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ശനിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമ്പതു മണ്ഡലങ്ങളില് മഹാസഖ്യത്തിലെ കക്ഷികള് നേര്ക്ക് നേര് ഏറ്റുമുട്ടുന്നു. ആദ്യഘട്ട പോളിംഗിനുള്ള നാമനിർദേശ പത്രിക പിന്വലിക്കാൻ മണിക്കൂറുകള് മാത്രം ശേഷിക്കേ മത്സരരംഗത്ത് ഉറച്ചു നിൽക്കുകയാണ് മഹാസഖ്യത്തിലെ കക്ഷികള്.
അതേസമയം ഇന്ന് പുറത്തുവിട്ട പട്ടികയില് നാലിടത്ത് കോണ്ഗ്രസിനെതിരെ ആര്ജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വൈശാലി, ലാല്ഗഞ്ച്, സിക്കന്ത്ര, കഹല്ഗാവ് സീറ്റുകളിലാണ് കോണ്ഗ്രസിനെതിരെ ആര്ജെഡിക്ക് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചത്.
കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന കുടുമ്പയിൽ ആർജെഡി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാനനിമിഷം അവർ പിൻമാറി. തേജസ്വി യാദവ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും രാഘോപൂരില് മാത്രമാണ് മത്സരിക്കുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലോക് ജനശക്തി പാർട്ടി സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളി. മഥൗര മണ്ഡലത്തിൽ മത്സരിക്കുന്ന സീമ സിംഗിന്റെ നാമനിർദേശപത്രികയാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.
സീമാ സിംഗിന്റെതുൾപ്പടെ നാല് പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. സാങ്കേതിക പിഴവുള്ളതിനാലാണ് പത്രിക തള്ളിയതെന്നാണ് റിപ്പോർട്ട്.
സ്വതന്ത്ര സ്ഥാനാർഥികളായ അൽതാഫ് ആലം രാജു, വിശാൽ കുമാർ, ബിഎസ്പി സ്ഥാനാർഥി ആദിത്യ കുമാർ എന്നിവരുടെ പത്രികകളും തള്ളി.